Wednesday, June 29, 2011

കാനഡയുടെ ദക്ഷിണ മുനമ്പിലേക്ക്‌ ഒരു യാത്ര.


           വിക്ടോറിയ രാജ്ഞിയോടുള്ള ആദരസൂചകമായി മെയ്‌ ഇരുപത്തി അഞ്ചിന് മുന്‍പുള്ള തിങ്കളാഴ്ച്ച  രാജ്ഞിയുടെ ജന്മദിനമായി കാനഡ സര്‍ക്കാര്‍ ആഘോഷിക്കാറുണ്ട് . അങ്ങനെ അടുപ്പിച്ചു മൂന്നു ദിവസത്തെ അവധി കിട്ടി. ഒരു ദിവസം കൊണ്ട് പോയി വരാവുന്ന രണ്ടു സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഏല്‍പ്പിച്ചിട്ട് എന്‍റെ നല്ല പാതി മുങ്ങി. ഒരു ദിവസം മോളുടെ ആവിശ്യപ്രകാരം വണ്ടെര്‍  ലാന്‍ഡ്‌ എന്നാ അമ്യുസ്മെന്റ് പാര്‍ക്കിലേക്കും മറ്റൊരു ദിവസം കാനഡയുടെ തെക്കേ അറ്റമായ പീലീ ദേശീയ ഉദ്യാനത്തിലേക്കും അതിനോട് അടുത്ത പീലീദ്വീപിലേക്കും പോകാം എന്ന് തീരുമാനിച്ചു . അങ്ങനെ ഉള്ളതില്‍ വെച്ച് നല്ല കാലാവസ്ഥ ഉള്ള ദിവസം തിരഞ്ഞെടുത്തു.



            പീലീ എന്നാ ദ്വീപിലേക്ക് ഉള്ള ഫെറി സര്‍വീസ് സമയം കണക്കിലെടുത്ത് ആദ്യം അവിടേക്ക് പോകാം എന്ന് തീരുമാനിച്ചു . ഞങ്ങള്‍ക്ക് പോകേണ്ട ആദ്യ ഫെറി പത്തു മണിക്കാണ് പുറപ്പെടുന്നത് അതിനു മുന്‍പ് അവിടെ ചെന്നലേ കാര്യം ഉള്ളു. അത് കൊണ്ട് അതി രാവിലെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു .ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏകദേശം ഇരുന്നുറ്റി അമ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം ഫെറി തുടങ്ങുന്ന ലീമിങ്ങ്ടണ്‍  എന്നാ സ്ഥലത്തേക്ക് എത്താന്‍. അങ്ങനെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു.ആദ്യ അമ്പതു കിലോമീറ്ററുകള്‍ ഞങ്ങളെ തീര്‍ത്തും നിരാശരാക്കി കൊണ്ട് തകര്‍ത്തു മഴ പെയ്തുകൊണ്ടേ ഇരുന്നു.

      എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും നല്ല കാലാവസ്ഥ ആയി . ആറു മാസത്തെ മനം മടുപ്പിക്കുന്ന കൊടും ശൈത്യത്തിനു ശേഷം വസന്തം എത്തിയപ്പോഴേക്കും എങ്ങും ഉത്സവത്തിന്‍റെ  പ്രതീതി. വീടുകള്‍ അലങ്കരിക്കുന്നതിലും പൂന്തോട്ടം നിര്‍മ്മിക്കുന്നതിലും കൃഷി സ്ഥലങ്ങള്‍ ഒരുക്കുന്നതിലും മറ്റുമായി എല്ലാവരും വ്യാപൃതരായി ഓടി നടക്കുന്നു. നാട്ടില്‍ നിന്ന് വന്ന എന്‍റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ നമുക്ക് ഓണം വരുന്ന മാതിരി ആണ് ഇവിടെ തിരക്കുകള്‍.


പീലീ ഉദ്യാനത്തിലെ ഒരു കാഴ്ച
 

ഞങ്ങള്‍ ഒന്‍പതേ മുക്കാലോടു കൂടി ലീമിങ്ങ്ടണ്ണില്‍  എത്തി . അപ്പോഴേക്കും എം വി ജിമ്മാന്‍ എന്നാ ഫെറിയിലേക്ക് യാത്രക്കാര്‍ കയറി തുടങ്ങിയിരുന്നു . ലെയിക് എറിക്കില്‍കൂടി പോകുന്ന ഏറ്റവും വലിയ ഫെറി ആണിത്. 1992 ല്‍ നിര്‍മ്മിച്ച 61 മീറ്റര്‍ നീളം ഉള്ള ഫെറിക്ക് 400 യാത്രക്കാരെയും 40 വാഹനങ്ങളേയും  വഹിക്കാന്‍ ഉള്ള കഴിവുണ്ട്.



                     നേരത്തെ ബുക്ക്‌ ചെയ്യതിരുന്നതിനാല്‍   കാര്‍ ലീമിങ്ങ്ടണ്ണില്‍   തന്നെ പാര്‍ക്ക്‌ ചെയ്തിട്ട് പോകേണ്ടതായി വന്നു. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍വരെയാണ് യാത്ര. മഞ്ഞു സമയങ്ങളില്‍  ഫെറി  നിര്‍ത്തലാക്കും. പിന്നെ ഏക യാത്രാ മാര്‍ഗ്ഗം   ചെറുയാത്രാ    വിമാനങ്ങള്‍ ആണ്.  2004 ല്‍ ഒന്‍പതു യാത്രികരേയും കൊണ്ട് പറന്ന ഒരു വിമാനം ലയിക് ഏറിയില്‍ തകര്‍ന്നു വീണിരുന്നു.


            ഞങ്ങള് ‍ചെന്നപ്പോഴേക്കും ഫെറിയുടെ ഡെക്കിലെ സീറ്റുകള്‍ ഏതാണ്ട് മുഴുവനും നിറഞ്ഞിരുന്നു. അല്‍പ്പനേരം നല്ല തണുത്ത കാറ്റും കൊണ്ട് ഇരുന്നു . ഫെറിയിലെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണവും  കഴിച്ചു  തീര്‍ന്നപ്പോഴേക്കും     ദ്വീപ് എത്തിയിരുന്നു  .



                 പീലീദ്വീപ് കാനഡയുടെ തെക്കേ അറ്റത്തുള്ള  ജനവാസകേന്ദ്രം ആണ്.  42 കിലോ മീറ്റര്‍ മാത്രമുള്ള ദ്വീപ് ലെയിക്എറിക്കാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്.  ഇസ്സെക്ഷ് കണ്‍ട്രി എന്നാ ടൌണ്‍ഷിപ്പിന്‍റെ കീഴില്‍ ആണ് പീലീയും മറ്റു 9 ചെറിയദ്വീപുകളും.
      ഭരണകാര്യങ്ങള്‍    നോക്കാന്‍ ഒരു മേയറും ഡെപ്യുട്ടിമേയറും മൂന്നു കൌണ്സിലര്‍മാരും ഉണ്ട്.  വളരെ മനോഹരമായ ദ്വീപില്‍ പക്ഷെ ജനവാസം 2001-ലെ സെന്‍ഷിയെസ് പ്രകാരം  വെറും 256പേര്‍ മാത്രം . പക്ഷെ  സമ്മര്‍  സമയങ്ങളില്‍ 15,000ത്തില്‍    കൂടുതല്‍ ആളുകള്‍ ഇവിടം  സന്ദര്‍ശിക്കാറുണ്ട് .എലിമെന്റ്രി സ്കൂള്‍  ആശുപത്രി മുതലായ എല്ലാ സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്.  
 

                                 ഇവിടുത്തെ   പ്രധാന വരുമാന മാര്‍ഗ്ഗം  വിനോദ സഞ്ചാരവും
വൈനെറിയും ആണ്. കാനഡയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ     കാലാവസ്ഥ  ഇളം   ചൂടുള്ള താണ്  .  കാരോളിനിയന്‍   കാലാവസ്ഥ എന്നാണ് ഇതിനെ    പറയുന്നത്.   അത്  കാരണം ദേശാടന പക്ഷികളുടെ പറുദീസാ ആണിവിടം .  ഈ കാലാവസ്ഥാ സവിശേഷത കാരണം അപൂര്‍വ ഇനങ്ങളില്‍ പ്പെട്ട സസ്യങ്ങളും പക്ഷികളെയും ജീവജാലങ്ങളെയും ഇവിടെ കാണാന്‍ കഴിയും. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഒര്നിതോളോജിസ്സ്റ്റുകള്‍  ഗവേഷണങ്ങള്‍ക്കായി ദിവസങ്ങളോളം ഇവിടെ ചിലവഴിക്കാറുണ്ട്.


 ഈസ്ടണ്‍ സ്പയിനി എന്നാ ലോലമായ തോടുള്ള ആമ



ക്യാമ്പിംഗ് ഹൈകിംഗ് സൌകര്യങ്ങള്‍    കൂടാതെ കോട്ടേജുകളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരിക്കിയിട്ടുണ്ട്.
സമ്മര്‍ സമയങ്ങളിലെ ഏറ്റവും വലിയ ബിസിനസ്‌ ആണിത്. ഒരു  ദിവസത്തേക്ക് 400 ഡോളറിനു മുകളില്‍ ആണ് കോട്ടേജുകളുടെ ചാര്‍ജ്.

            ഞങ്ങള്‍  ദ്വീപില്‍ എത്തിയപ്പോഴേക്കും വാഹനവുമായി  ടൂര്‍ ഗൈഡ്  അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.   ഞങ്ങളുടെ ഫെറിയില്‍ വന്നവരില്‍  പലരും  സൈക്കിള്‍    കൂടെ കരുതിയിരുന്നു. സൈക്കി‍ളിങ്ങിനു പറ്റിയ സ്ഥലം ആണിത്. ധാരാളം പേര്‍   അവിടുത്തെ കടകളില്‍ നിന്ന്   സൈക്കിള്‍ വാടകയ്ക്ക് എടുക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ ഏതായാലും  ബിഗ്‌ബ്ലൂ ബസ്‌ എന്നാ ടൂര്‍ ബസ്സിനെ  തന്നെ ശരണം പ്രാപിച്ചു. ഒന്നര  മണിക്കൂര്‍  യാത്രക്ക്   ഒരാള്‍ക്ക് 25  കനേഡിയന്‍ ഡോളര്‍ ആണ് ചാര്‍ജ്.  പൂക്കളും  കൃഷികളും  നിറഞ്ഞ  പാടങ്ങളും എങ്ങും കളകളനാദങ്ങള്‍  മുഴക്കുന്ന   പക്ഷികളും വളരെ  ഭംഗിയുള്ള ബീച്ചുകളും അങ്ങനെ  വളരെ   പ്രകൃതിരമണീയമായ കാഴ്ചകള്‍   ആണ് ഞങ്ങളെ   അവിടെ  വരവേറ്റത്. 

          ആദ്യം ഞങ്ങള്‍ ഐലണ്ടിന്‍റെ വടക്കേ അറ്റത്തുള്ള ലൈറ്റ് ഹൌസ് കാണാന്‍ ആണ് പോയത്. റോഡ്‌ എന്ന് പറയാന്‍ പറ്റില്ല ശെരിക്കും മണ്‍പാതയില്‍ കൂടിയാണ് യാത്ര . പോകുന്ന വഴികളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള വീടുകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു. പഴയ പല വീടുകളും ചുണ്ണാമ്പ് കല്ലുകള്‍ കൊണ്ടാണ്  നിര്‍മ്മിച്ചിരിക്കുന്നത്.


 ഗൈഡ് വാതോരാതെ കാഴ്ചകള്‍ വര്‍ണിച്ചു കൊണ്ടിരുന്നു. നല്ല തണുത്ത കാറ്റും ഇളം ചൂടും കൊണ്ടപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന പലരും ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.

       ലൈറ്റ് ഹൌസ്സിന്‍റെ അടുത്ത് വരെ വാഹനങ്ങള്‍ ചെല്ലാന്‍ ഉള്ള സൌകര്യം ഇല്ല . ഏകദേശം 1 കിലോമീറ്റര്‍ ഇടതിങ്ങിയ കാട്ടില്‍ കൂടി പോയാലെ അവിടെ എത്തുകയുള്ളൂ.  തുടങ്ങുനതിനു മുന്‍പേ ഗൈഡ് ഞങ്ങള്‍ക്ക് ചെറിയ ഒരു  ക്ലാസ്സ്‌ നല്‍കി . ബ്ലാക്ക്‌ റെയിസര്‍എന്നാ അപൂര്‍വ ഇനത്തില്‍പെട്ട  പമ്പുകളുടെ വിഹാരകേന്ദ്രമാണിത്.  അതില്‍  ഒന്നിനെ ശകുനം  കണ്ടുകൊണ്ടു   തന്നെയാണ് ഞങ്ങള്‍  ഹൈകിംഗ്  തുടങ്ങിയത്.    അത് മാത്രമല്ല പലതരത്തില്‍ ഉള്ള വിഷചെടികളും ഉണ്ടവിടെ. ചില സ്ഥലങ്ങളില്‍   ചെടികളില്‍  തോടരുത് എന്ന ബോര്‍ഡുകളും കാണാന്‍
കഴിയും.
          

          വളരെ അപകടം പിടിച്ച പീലീ പ്രവേശനമാര്‍ഗ്ഗത്തില്‍ കൂടി വരുന്ന നാവികരെ സഹായിക്കാന്‍ വേണ്ടി ജോണ്‍ സ്കോട്ട് 1833-ല്‍ പണി കഴിപ്പിച്ചതാണ് ഈ ലൈറ്റ് ഹൌസ്.പീലീ ദ്വീപില്‍ യധേഷ്ടം ലഭിക്കുന്ന ചുണ്ണാമ്പുകല്ല് ഉപയോഗിച്ചാണ്‌ ഇതിന്‍റെ നിര്‍മ്മാണം. വില്ല്യം മാക്കോര്‍മിക് ആണ് ഇതിനു സ്ഥലം നല്‍കിയത് അത് മാത്രമല്ല ആദ്യ പത്തു വര്‍ഷക്കാലങ്ങള്‍ ഇതിന്‍റെ മേല്‍നോട്ടം വഹിച്ചതും അദ്ദേഹം തന്നെ.1 909 -ല്‍ ഇതിന്‍റെ പ്രവര്‍ത്തനം നിലച്ചു. 2000മുതല്‍ കനേടിയന്‍സര്‍ക്കാര്‍ ഇത് ചരിത്ര സ്മാരകം ആയി സൂക്ഷിച്ചു പോരുന്നു .

ഇവിടുത്തെ വൈനെറി വളരെ പ്രസിദ്ധം ആണ്.  കാനഡയിലെ ആദ്യ കാലങ്ങളിലെ വൈനെറി  ആണിത്. ഏകദേശം 600 ഏക്കറുകളില്‍  കൂടുതല്‍ മുന്തിരി തോട്ടം ഇവിടുണ്ട്.  ഒരുപക്ഷെ കാനഡയില്‍ തന്നെ ഏറ്റവും വലുതെന്നു അവര്‍  അവകാശപ്പെടുന്നു.  വൈന്‍ ടെയിസ്റ്റ്  ടിങ്ങും വൈനെറി  ടൂറും  അവര്‍  സഞ്ചാരികള്‍ക്കായി  
 ഒരിക്കിയിട്ടുണ്ട്.   പഴയ കാലത്തേ ഉപകരണങ്ങളും അത്യാധുനിക മെഷിനുകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അവര്‍ നമുക്ക് വിശദമായി  പറഞ്ഞു തരും.


         നായാട്ട് മീന്‍ പിടുത്തം സാഹസികത പ്രകൃതി സ്നേഹം ഒക്കെ ഇഷ്ടപെടുന്ന ആള്‍ക്കാര്‍ക്ക് പറ്റിയ സ്ഥലം ആണിത്. മീന്‍ പിടിക്കാന്‍  ഇഷ്ടമുള്ളവര്‍ക്ക് മാത്രമായി ഫിഷിംഗ് പോയിന്‍റെ എന്ന ഒരു  സ്ഥലം ഒരിക്കിയിട്ടുണ്ട്. ധാരാളം ആളുകള്‍ അപ്പപ്പോള്‍ തന്നെ മീന്‍ പിടിച്ചു  വൃത്തിയാക്കി  ബാര്‍ബിക്യു ചെയ്തു കഴിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഫോള്‍ സമയമായ ഒക്ടോബര്‍ അവസാന ആഴ്ചയും നവംബര്‍ ആദ്യ ആഴ്ചയും ഇവിടെ   ഫെയസന്റ് ഹാന്‍ഡ്‌ എന്ന നായാട്ട് ഉത്സവം നടക്കും.   നമ്മുടെ നാട്ടിലെ നായാട്ട് പോലല്ല  ഇത്.  5  പക്ഷികളെ  കൊല്ലുന്നതിനു  100  ഡോളര്‍ ആണ് ഫൈന്‍. അങ്ങനെ ഓരോന്നിനും ഫൈനുകള്‍ ഉണ്ട്. എന്നാലും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇതിനു വേണ്ടി മാത്രം ആളുകള്‍ എത്താറുണ്ട് .

ബീച്ചുകള്‍ ആണ് മറ്റൊരു ആകര്‍ഷണം . വലിയ ആഴം ഇല്ലാത്ത ബീച്ചുകള്‍ ആണവിടെ അത് കൊണ്ട് വാട്ടര്‍ റയിഡുകള്‍ ധാരാളം ഉണ്ടിവിടെ. തിരിച്ചു പോരുമ്പോള്‍  ഞങ്ങളുടെ ഒരു ബാഗ്‌ നിറയെ എന്‍റെ മകള്‍ അവിടെ നിന്ന് ശേഖരിച്ച ശംഖുകളും കക്കകളും ആയിരുന്നു .


അവിടെ മറ്റൊരു ആകര്‍ഷണം സ്ടോന്‍മാന്‍ ആണ്.പ്രസിദ്ധ ഡിസൈനര്‍ അയ പീറ്റര്‍ ലെറ്റ്കി മാന്‍ രൂപകല്ല്പന  ചെയ്ത ഇന്‍ഉക്ശുകുകള്‍ ആണിത്. ഇവ പണ്ട് കാലത്തേ സൈന്‍ ബോര്‍ഡുകള്‍ ആയിരുന്നു. പണ്ട് കാലത്ത് ഉണ്ടായിരുന്ന പല സ്മരകങ്ങളുടെയും മോഡലുകള്‍ ‍ യാത്രികര്‍ക്കായി ഒരിക്കിയിട്ടുണ്ട്.

എത്ര ഫോട്ടോ എടുത്താലും മതിയാവില്ല അത്രെക്കു മനോഹരങ്ങള്‍ അയ കാഴ്ചകള്‍ ഉണ്ടിവിടെ.ഇനിയും ഒരു പാട് കാഴ്ചകള്‍ ഉണ്ടവിടെ കാണാന്‍ . നാലു മണിക്കുള്ള ഫെറി നഷ്ടപ്പെട്ടാല്‍  പിന്നെ അടുത്ത ദിവസമേ  തിരിച്ചു പോകാന്‍ ഫെറി ഉള്ളു അത് കൊണ്ട് തല്‍ക്കാലം കാഴ്ചകള്‍ മതിയാക്കി. ഫോള്‍സ് സമയങ്ങളില്‍ മാനാ ചിത്രശലഭങ്ങള്‍ ഇവിടെ കൂട്ടമായി എത്താറുണ്ട് . മരങ്ങള്‍ മുഴുവന്‍ പൂക്കള്‍ പോലെ ചിത്രശലഭങ്ങള്‍ ആയിരിക്കുമെന്ന് ഞങ്ങളുടെ ടൂര്‍ ഗൈഡ് പറഞ്ഞു. അത് പോലെ കാനഡയുടെ  ടോമാടോ    തലസ്ഥാനം ആണ് പീലീ ,  ഫോള്‍സ്  സമയത്ത്  ടോമാടോ   ഫെസ്റ്റിവല്‍ നടത്താറുണ്ട്‌. അടുത്ത ഫോള്‍സ് സമയത്ത് സുഹൃത്തുക്കളെ കൂട്ടി ഒരു ദിവസം താമസിക്കണം എന്ന് തീരുമാനിച്ചു കൊണ്ട് ഞങ്ങള്‍ മടങ്ങി.


പീലീ ദ്വീപിലെ ചില കാഴ്ചകള്‍ :





ഞാന്‍ കണ്ട കുറച്ചു കാഴ്ചകളും വിശേഷങ്ങളും നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP